പേജുകള്‍‌

ചൊവ്വാഴ്ച, നവംബർ 22, 2011

മാധവിക്കുട്ടിയുടെ 'കടലിന്റെ വക്കത്ത് ഒരു വീട് '




 നമ്മുടെ ആകെയുള്ള സ്വത്തായിരുന്നു ആ കമ്പിളിപ്പുതപ്പ്. മഴക്കാലം വന്നാല്‍ ഇനി നമുക്കെവിടെയാണൊരു രക്ഷ? അത് നീ എന്തിന് അവന് കൊടുത്തു? അയാളെന്നോട് സംഗീതത്തെക്കുറിച്ച് സംസാരിച്ചു. ആ സ്ത്രീ പുഞ്ചിരിയോടെ പറഞ്ഞു. തന്റെ ഏകസ്വത്തായ കമ്പിളിപ്പുതപ്പ് ചെറുപ്പക്കാരന് സമ്മാനിച്ച അറുമുഖത്തിന്റെ ഭാര്യയുടെ പ്രവൃത്തി നിങ്ങള്‍ എങ്ങനെ നോക്കിക്കാണുന്നു?
 എന്റെ അഭിപ്രായത്തില്‍ ഏറ്റവും ഉത്തമമായ ഒരു പ്രവൃത്തിയാണ് ആ സ്ത്രീ ചെയ്തിരിക്കുന്നത്. കാരണം തന്റെ ഭര്‍ത്താവില്‍ നിന്നു ലഭിക്കാത്ത ബഹുമാനവും സ്നേഹവുമാണ് ആ യുവാവ് അവര്‍ക്കു നല്‍കിയത്. കേവലം ഭക്ഷണം മാത്രമാണ് ജീവിതമെന്ന് വിചാരിക്കുന്ന ആളാണ് ഇതിലെ 'അറുമുഖന്‍' എന്ന കഥാപാത്രം.
എന്നാല്‍ ഭക്ഷണം മാത്രമല്ല അംഗീകാരം ലഭിക്കുന്ന ഒരു മനസ്സുകൂടി സ്ത്രീകള്‍ക്കുണ്ട് എന്ന് അയാള്‍ മനസ്സിലാക്കുന്നില്ല. അവരുടെ കഴിവുകള്‍ മനസ്സിലാക്കാനോ അവ പുറത്തെടുക്കാനോ അറുമുഖന്‍ ഭാര്യയ്ക്ക് പ്രോത്സാഹനം നല്കുന്നില്ല. എന്നാല്‍ സൗമ്യമായി സംസാരിക്കുന്ന ആ യുവാവിന് സ്ത്രീയുടെ മനസ്സില്‍ സന്തോഷം പകരാന്‍ സാധിക്കുന്നു. സ്ത്രീയ്ക്ക് തനിക്ക് ഇതുവരെ ലഭിക്കാതിരുന്ന അംഗീകാരം ആ യുവാവില്‍ നിന്നു കിട്ടുന്നു. ആദ്യ മാത്ര കാണുമ്പോള്‍ തന്നെ ആ യുവാവ് അവരെ 'ഗൃഹലക്ഷ്മി' എന്നാണ് സംബോദന ചെയ്തത്. 'പ്രകാശം പരത്തുന്ന ആണ്‍കുട്ടി'യായി മാറുകയാണ് ആ യുവാവ്. സ്ത്രീയ്ക്ക് തോന്നുന്നത് തന്റെ ജീവിതത്തില്‍ ഇതുവരെ കടന്നുവരാത്ത പ്രകാശത്തിന്റെ ഒരിത്തിരി പൊന്‍വെട്ടം നല്‍കാന്‍ ആ യുവാവിന് കഴിഞ്ഞു. അതുമാത്രമല്ല, തനിക്ക് ഏറെ ഇഷ്ടപ്പെട്ട സംഗീതത്തെപ്പറ്റിയും അയാള്‍ സംസാരിച്ചു എന്നതിനാലാണ് അവള്‍ അയാള്‍ക്ക് ആ പുതപ്പ് സമ്മാനിച്ചത്. അതിലും വിലയേറിയ ഒന്നും അവളുടെ പക്കല്‍ ഇല്ലായിരുന്നു. “ എന്റെ അയല്‍വക്കത്ത് ഒരു ഭാഗവതരായിരുന്നു താമസിച്ചിരുന്നത് രാവിലെ ഞാന്‍ പാട്ടുകേട്ടുകൊണ്ടാണ് ഉറക്കത്തില്‍ നിന്നും എഴുന്നേറ്റിരുന്നത്.” എന്ന ആ സ്ത്രീയുടെ വാക്കുകളില്‍ നിന്ന് സംഗീതത്തിന്റെ മാധുര്യം അവള്‍ എത്രമാത്രം ഇഷ്ടപ്പെട്ടിരുന്നു എന്നു വ്യക്തം.
അതിനാലാണ് തന്റെ എല്ലാമെല്ലാമായ പുതപ്പ് ആ യുവാവിന് നല്‍കിയത്. അതിന് അവള്‍ നല്‍കുന്ന വിശദീകരണം യുക്തിപൂര്‍വ്വമാണ് എന്നാണ് എനിയ്ക്ക് തോന്നുന്നത്. അംഗീകാരം കൊതിക്കുന്ന ഏതൊരു സ്ത്രീ മനസ്സും യുവാവിന്റെ വാക്കുകളെ ഇഷ്ടപ്പെട്ടുപോകും. കനലെരിയുന്ന അവളുടെ ജീവിതത്തില്‍ ഇത്തിരി തേന്‍മഴ പെയ്യിക്കാന്‍ ആ യുവാവിന് കഴിഞ്ഞു. അതിനാല്‍ അയാളും ആ കാര്യത്തില്‍ കൃതാര്‍ത്ഥനാണ്.
പക്ഷേ അവളുടെ മനസ്സിന് സുഖം നല്‍കുന്ന കാര്യങ്ങള്‍ അറുമുഖന്‍ എപ്പോഴെങ്കിലും ചെയ്തിരുന്നുവെങ്കില്‍ അയാളുടെ തകര്‍ച്ചയില്‍ നിന്നും ഉയര്‍ന്നെഴുന്നേല്‍ക്കാന്‍ അവള്‍ ചെറുതായെങ്കിലും പരിശ്രമിച്ചേനെ. എന്നാല്‍ അറുമുഖന് ഈ സംഭാഷണങ്ങളെല്ലാം മുഷിപ്പനായാണ് തോന്നിയത്. അതിനാല്‍ തന്നെ ആ സ്ത്രീയ്ക്ക് അറുമുഖനേക്കാള്‍ പ്രിയപ്പെട്ടത് ആ യുവാവ് തന്നെയായിരുന്നിരിക്കും. അത്രമാത്രം ആ യുവാവിന്റെ സാന്നിധ്യം അവളില്‍ സ്വാധീനം ചെലുത്തി.
കേവലം അടുക്കളയില്‍ ഒതുങ്ങിപ്പോകേണ്ടവളല്ല സ്ത്രീ. അവര്‍ക്ക് അവരുടേതായ ചിന്തകളും വ്യക്തിത്വവും കാണും. അതു മനസ്സിലാക്കുന്ന പുരുഷന്മാരെ ലഭിക്കാത്തതാണ് അവരുടെ ജീവിതത്തിന്റെ പരാജയവും.
                                       ആതിര 10 C

ശനിയാഴ്‌ച, നവംബർ 19, 2011

വരകളുടെ വിസ്മയങ്ങളുമായി വീണ്ടും ആനിമേഷന്‍ ക്ലാസ്സ്


19-11-2011 ാം തിയതി ശനിയാഴ്ച്ച ഞങ്ങളുടെ സ്കൂളില്‍ വച്ച് വീണ്ടും ആനിമേഷന്‍ ക്ലാസ്സ് തുടങ്ങി . ഞങ്ങളുടെ സ്കൂളിലെ 22ഓളം കുട്ടികളെ ഉള്‍പ്പെടുത്തി നടത്തിയ ക്ലാസ്സില്‍ ഞങ്ങളുടെ സ്കൂളിലെ തന്നെ കുട്ടി ആനിമേറ്റര്‍മാരായ അജയ്, ഷിഹാസ്, പ്രമോദ്, അനിക്കുട്ടന്‍, മുഹമ്മദ് സഹദ് എന്നിവരാണ് ക്ലാസ്സെടുത്തത്. കുട്ടികള്‍ വളരെ സന്തോഷത്തോടെയാണ് പങ്കെടുത്തത്. IT @ School ല്‍ നിന്നുമുള്ള മൊഡ്യൂള്‍ CD കള്‍ ഉപയോഗിച്ചാണ് ക്ലാസ്സുകള്‍ നടത്തിയത് . നാലു ദിവസത്തെ മൊഡ്യൂളനുസരിച്ചാണ് ക്ലാസ്സുകള്‍ നടത്തുന്നത്.

ബുധനാഴ്‌ച, നവംബർ 16, 2011

ഐ.റ്റി സബ് ജില്ലാ മേളയില്‍ ഞങ്ങള്‍.....


ഈ വര്‍ഷത്തെ സബ് ജില്ലാ .റ്റി മേളയില്‍ UP വിഭാഗം
Overall Trophy ഞങ്ങള്‍ക്ക് . Hsവിഭാഗം രണ്ടാം സ്ഥാനവും ലഭിച്ചു.
ഞങ്ങളുടെ അഭിമാന താരങ്ങള്‍.
UP വിഭാഗം
.റ്റി ക്വിസ്- നിര്‍മല്‍ചന്ദ്.-1st
മലയാളം ടൈപ്പിംഗ്- അനന്ദു B റാം.-1st
ഡിജിറ്റല്‍ പെയിന്റിംഗ്- അഭിരാം S അമ്പാടി.-3rd
HS വിഭാഗം
.റ്റി ക്വിസ്- അജയ്.V.S-2nd
മലയാളം ടൈപ്പിംഗ്- അജയ്.V.S-2nd
ഡിജിറ്റല്‍ പെയിന്റിംഗ്-മുഹമ്മദ് സഹദ്-1st
വെബ് പേജ് നിര്‍മാണം-പ്രമോദ്.R-2nd
പ്രസന്റേഷന്‍-അനുക്കുട്ടന്‍-3rd

ബുധനാഴ്‌ച, നവംബർ 02, 2011

രസതന്ത്ര വണ്ടി വന്നപ്പോള്‍




2011 രസതന്ത്ര വര്‍ഷത്തോടനുബന്ധിച്ച് ഞങ്ങളുടെ സ്കൂളിലും ശാസ്ത്ര സാഹിത്യപരിഷത്തിന്റെ രസതന്ത്രവണ്ടി വന്നു. ഒരു കൂട്ടം ശാസ്ത്ര വിദ്യാര്‍ത്ഥികളും അനേകം ശാസ്ത്രപരീക്ഷണങ്ങളുമായാണ്
രസതന്ത്രവണ്ടി വന്നത്. ഫിനോള്‍ഫ്തലിന്‍ ഉപയോഗിച്ച് ഒരു പേപ്പറില്‍ '2011 രസതന്ത്രവര്‍ഷം' എന്നെഴുതിക്കൊണ്ടുള്ള ഒരു പരീക്ഷണത്തോടെയാണ് അവരുടെ മാജിക്കുകള്‍ ആരംഭിച്ചത്. പൂവിന്റെ നിറം മാറ്റല്‍, വിവിധ നിറത്തിലുള്ള രാസവസ്തുക്കള്‍ ഉപയോഗിച്ച് വസ്തുക്കളുടെ നിറം മാറ്റുക എന്നിവയെല്ലാമായിരുന്നു അവരുടെ പരീക്ഷണങ്ങള്‍. 2011 രസതന്ത്രവര്‍ഷം ആഘോഷിക്കാനുള്ള പ്രധാന കാരണം മാഡം ക്യൂറിയാണ്. മാഡം ക്യൂറിയ്ക്ക് രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചതിന്റെ 100ാം വര്‍ഷമാണിത്. ഈ വിഷയത്തെ അടിസ്ഥാനമാക്കി മാഡം ക്യൂറിയുടെ ജീവചരിത്രം അവര്‍ നാടകമായി അവതരിപ്പിച്ചു. വളരെ രസകരവും അതിശയിപ്പിക്കുന്നതുമായിരുന്നു അവര്‍ അവതരിപ്പിച്ച പരിപാടികള്‍. ഏകദേശം ഒന്നര മണിക്കൂറോളം അവര്‍ നമുക്കുവേണ്ടി പരിപാടികള്‍ അവതരിപ്പിച്ചു.

വ്യാഴാഴ്‌ച, ഒക്‌ടോബർ 20, 2011

എന്റെ ചിരിയിതല്ല പിന്നെ എന്താണിത് ?

കഥ

കാലത്തിന്റെ വേഗത തുടര്‍ന്നു കൊണ്ടിരിക്കെ ഒരു പകല്‍, അവിടെ ഇളം പുല്ലുകളില്‍ തീ പിടിച്ചിരിക്കുകയാണ്. സാവധാനം തീ പടരുവാന്‍ തുടങ്ങി. ആ തീയുടെ അടുത്തേയ്ക്കെന്ന പോലെ ഒരു പിഞ്ചു ബാലന്‍ നടന്നടുക്കുകയാണ്. അവന്‍ അവന്റെ ലക്ഷ്യത്തില്‍ നിന്നും പിന്മാറുന്നില്ല. എന്റെ ഉള്ളം ഭയന്നു. ആ ബാലന്‍ ഇപ്പേള്‍ വെന്തെരിയും. ഞാന്‍ സ്വാതന്ത്ര്യം നഷ്ടപ്പെട്ട് ഇരുമ്പഴിക്കുള്ളില്‍ നിസ്സഹായനായി നിന്നു. പിഞ്ചുബാലന്റെ മരണം  കണ്ടുനില്‍ക്കുന്ന ക്രൂരനാകാന്‍ പോവുകയാണല്ലോ ഞാന്‍ ആവലാതി പിടിച്ച് തീയുടെ ദിശ ഞാന്‍ തിരഞ്ഞു. ഒടുവിലാണ് എനിക്കത് മനസ്സിലായത്. ദിനങ്ങള്‍ക്കൊപ്പം കൂടിവരുന്ന ആഗോളതാപനം. അതിനു പിന്നില്‍ ക്രുദ്ധനായിത്തീര്‍ന്ന സൂര്യകിരണമാണ്. അതിന്റെ പ്രകാശത്തെയാണ് ഞാന്‍ തെറ്റിദ്ധരിച്ചത്. അതറിഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു. കാരണം അത് ആ കുഞ്ഞിന് ഒന്നും വരുത്തുകയില്ലല്ലോ. ഞാന്‍ ആശ്വാസത്തോടെ കുഞ്ഞിനെ നോക്കി. കുഞ്ഞുകണ്ണുകള്‍ പൂക്കുന്ന മുല്ലമൊട്ടുകള്‍ പോലുള്ള പല്ലുകള്‍. ഞാന്‍ അവന്റെ സൗന്ദര്യം കണ്ടിരിക്കെ അവന്‍, പ്രകാശത്തെ ആഗിരണം ചെയ്തുകൊണ്ടു നില്‍ക്കുന്ന പുല്‍മേടുകളിലേയ്ക്ക് പ്രവേശിച്ചു. അപ്പോള്‍ അവിടെ വളരെയധികം ഉച്ചത്തില്‍ അവന്റെ നിലവിളി ഉയര്‍ന്നു. ആ ബാലന്‍ വെന്തെരിഞ്ഞു. അവസാനം വശേഷിച്ചത് കുറച്ച് എല്ലുകള്‍. പിന്നെ ഒന്നുകൂടി ബാക്കിയായി. മരണത്തിനു മുന്നില്‍ തലകുനിക്കാതെ ഉയര്‍ന്നു നില്‍ക്കുന്ന ആത്മാവ്. അവന്റെ ആത്മാവ് പുകയായി മുകളിലേയ്ക്ക് ഉയര്‍ന്നു. പതിയെ അവന്‍ എവിടെയോ ചെന്നോടിയൊളിച്ചു. ഞാന്‍ അപ്പോള്‍ ഒരു ഭ്രാന്തനെപ്പോലെ പൊട്ടിച്ചിരിച്ചു. ആ ചിരി നിലവിളിയായി താളമില്ലാത്ത സംഗീതം പോലെ തിരമാലകളുടെ പകയില്‍ പങ്കുചേര്‍ന്ന് കാറ്റില്‍ ലയിച്ച് അലമുറയിട്ട് ഒഴുകി നടന്നു. നാളുകള്‍ക്കൊടുവില്‍ ബാക്കിയായത് ആത്മാവു മാത്രം.

Shihas. S
 9 B

വെള്ളിയാഴ്‌ച, ഒക്‌ടോബർ 14, 2011

ആകാശത്തേക്കൊരു കിളിവാതില്‍


10/10/2011 തിങ്കാളാഴ്ച്ച ഞങ്ങളുടെ SCHOOLല്‍ വച്ച് ബഹിരാകാശവാരത്തോട് അനുബന്ധിച്ച് ISROയില്‍ നിന്നു്  വേണുഗോപാല്‍ സാറും യുവശാസ്ത്രജ്ഞന്മാരും നയിച്ച ക്ലാസ് ഉണ്ടായിരുന്നു. കശിഞ്ഞ 50 വര്‍ഷത്തെ ബഹിരാകാശനേട്ടങ്ങളെക്കുറിച്ചുള്ളതായിരുന്നു ഈ ക്ലാസ് .
ആദ്യമായി ബഹിരാകാശത്ത് യാത്ര തിരിച്ച വ്യക്തിക്കളെക്കുറിച്ചും അവര്‍ പോയ വാഹനങ്ങളെക്കുറിച്ചുമൊക്കെ വളരെ വ്യക്തമായി ക്ലാസുകള്‍ എടുത്തു. SPUTNIC-1ആണ് ആദ്യമായി
വിക്ഷേപിച്ചത്. അമേരിക്കയും റഷ്യയും ആണ് ബഹിരാകാശ യാത്രയില്‍ മുന്നിട്ടുനില്‍ക്കുന്നത് APPOLO MISSIONS എന്നപദ്ധതിയില്‍ 14 MISSIONS ഉണ്ട്. ഇതില്‍10 എണ്ണം വെറുതെ അയച്ച് പരീക്ഷണം നടത്തിയതിനു ശേഷമാണ് നീല്‍ ആംസ്ട്രോങ്, എഡ്വിന്‍ ആല്‍ഡ്രിന്‍, മൈക്കിള്‍ കോളിന്‍സ് എന്നിവര്‍ ചന്ദ്രനിലേക്ക് പോയത്.
തികച്ചും വളരെ പ്രയോജനകരമായ ഒരു
ക്ലാസ് ആയിരുന്നു ഇത്. ബഹിരാകാശത്തെക്കുറിച്ചൊക്കെ കൂടുതല്‍ വളരെ വ്യക്തമായി ബഹിരാശത്തെക്കുറിച്ചൊക്കെ കൂടുതല്‍ വ്യക്തമായി
മനസിലാക്കാന്‍ സാധിച്ചു.

IT Mela - 2011-2012


ഞങ്ങളുടെ സ്കൂളില്‍ ഒക്ടോബര്‍ 7,10 ദിവസങ്ങളില്‍ IT Mela യോടനുബന്ധിച്ച് വിവിധ മത്സരങ്ങള്‍ നടന്നു. ഡിജിറ്റല്‍ പെയിന്റിംഗ്, മലയാളം ടൈപ്പിംഗ്, വെബ് പേജ് നിര്‍മ്മാണം, IT ക്വിസ്, സ്ലൈഡ് പ്രസന്റേഷന്‍ എന്നീ മത്സരങ്ങളില്‍ അനേകം കുട്ടികള്‍ പങ്കെടുത്തു. 'അന്നൊരു മഴയത്ത് 'എന്ന വിഷയത്തില്‍ നടത്തിയ ഡിജിറ്റല്‍ പെയിന്റിംഗ് മത്സരം കുട്ടികളെ ഹരം പിടിപ്പിച്ചു. വെബ് പേജ് നിര്‍മ്മാണം,സ്ലൈഡ് പ്രസന്റേഷന്‍ എന്നീ മത്സരങ്ങളുടെ വിഷയം 'യുദ്ധ' മായിരുന്നു. മത്സരം വളരെ രസകരവും ആവേശകരവുമായിരുന്നു.
Ajay.V.S
Sahad.S

ഞായറാഴ്‌ച, സെപ്റ്റംബർ 25, 2011

തമിഴ്നാട്ടിലെയും പോണ്ടിച്ചേരിയിലെയും SSA ഉദ്യോഗസ്ഥര്‍ ഞങ്ങളുടെ സ്കൂളില്‍

കേരളത്തിലെ സ്കൂളുകളിലെ ഐ റ്റി അധിഷ്ടിത പഠനം കണ്ടു പഠിക്കുന്നതിനായി
വന്ന തമിഴ്നാട്ടിലെയും പോണ്ടിച്ചേരിയിലെയും SSA ഉദ്യോഗസ്ഥര്‍ ഞങ്ങളുടെ സ്കൂളും സന്ദര്‍ശിച്ചു.
തിരുവനന്തപുരം ജില്ലയില്‍ തെരഞ്ഞെടുക്കപ്പെട്ട 3 ഹൈസ്കൂളുകളില്‍ ഞങ്ങളുടെ സ്കൂളും ഉണ്ടായിരുന്നു.
ഞങ്ങളുടെ പ്രാക്ടിക്കല്‍ ക്ലാസും ഐ റ്റി അധിഷ്ഠിത വിഷയ പഠനവുമെല്ലാം അവര്‍ കണ്ടറിഞ്ഞു.
വളരെ നല്ല അഭിപ്രായമാണ് ഞങ്ങളെക്കുറിച്ച് അവര്‍ പറഞ്ഞത്. കുറഞ്ഞ ഭൗതിക സാഹചര്യത്തിലും
ഇത്രയും നന്നായി ഐ റ്റി കൈകാര്യം ചെയ്യുന്ന ഞങ്ങളെ അവര്‍ അഭിനന്ദിച്ചു

 

തമിഴ്നാട്ടിലെയും പോണ്ടിച്ചേരിയിലെയും SSA ഉദ്യോഗസ്ഥര്‍ ഞങ്ങളുടെ സ്കൂളില്‍


കേരളത്തിലെ സ്കൂളുകളിലെ ഐ റ്റി അധിഷ്ടിത പഠനം കണ്ടു പഠിക്കുന്നതിനായി
വന്ന തമിഴ്നാട്ടിലെയും പോണ്ടിച്ചേരിയിലെയും SSA ഉദ്യോഗസ്ഥര്‍ ഞങ്ങളുടെ സ്കൂളും സന്ദര്‍ശിച്ചു.
തിരുവനന്തപുരം ജില്ലയില്‍ തെരഞ്ഞെടുക്കപ്പെട്ട 3 ഹൈസ്കൂളുകളില്‍ ഞങ്ങളുടെ സ്കൂളും ഉണ്ടായിരുന്നു.
ഞങ്ങളുടെ പ്രാക്ടിക്കല്‍ ക്ലാസും ഐ റ്റി അധിഷ്ഠിത വിഷയ പഠനവുമെല്ലാം അവര്‍ കണ്ടറിഞ്ഞു.
വളരെ നല്ല അഭിപ്രായമാണ് ഞങ്ങളെക്കുറിച്ച് അവര്‍ പറഞ്ഞത്. കുറഞ്ഞ ഭൗതിക സാഹചര്യത്തിലും
ഇത്രയും നന്നായി ഐ റ്റി കൈകാര്യം ചെയ്യുന്ന ഞങ്ങളെ അവര്‍ അഭിനന്ദിച്ചു.

ഞങ്ങള്‍ വരച്ച ശലഭത്തിന് ജീവന്‍ വച്ചപ്പോള്‍!


5,6,7,22തിയതികളില്‍ ഞങ്ങളുടെ സ്കൂളില്‍ അനിമേഷന്‍
പരിശീലനം നടന്നു.IT@school-ന്റെ 'Ants' ന്റെ [animation training
for students] ഭാഗമായാണ് ഇതു നടന്നത്. UBUNTU-ലെ 'Ktoon'-ല്‍
അനിമേഷന്‍ പരിശീലനം ലഭിച്ച അജയ്,ഷിഹാസ്,പ്രമോദ് എന്നിവരാണ് ഞങ്ങള്‍ക്ക് ക്ലാസെടുത്തത്.ഞങ്ങള്‍ വരച്ച ചിത്രങ്ങള്‍ക്ക്
ചലനം കൊടുത്തപ്പോള്‍ ഞങ്ങള്‍ക്കുണ്ടായ സന്തോ‍ഷം പറയാന്‍ കഴിയില്ല. 'Ktoon'-ല്‍ നിര്‍മ്മിച്ച അനിമേഷനു 'open shot'-ല്‍ editing
നടത്തി. 'Audocity'-ല്‍ ശബ്ദം റെക്കോഡ് ചെയ്ത് അത് 'Open shot'-ല്‍
edit ചെയ്ത് ഞങ്ങളുടെ ചിത്രത്തിന് ജീവനോടൊപ്പം ശബ്ദവും നല്‍കി.
നെടുമങ്ങാട് സബ് ജില്ലയിലെ മറ്റു സ്കൂളുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുള്‍പ്പെടെ ഞങ്ങള്‍ 30 പേരുണ്ടായിരുന്നു

 

ചൊവ്വാഴ്ച, ഓഗസ്റ്റ് 30, 2011

പഠനം ഇങ്ങനെയും


ഞങ്ങളുടെ സ്കൂളില്‍ വിവരവിനിമയ സാങ്കേതികാധിഷ്ടിത വിദ്യാഭാസത്തില്‍ രക്ഷാകര്‍ത്തൃ ബോധനം നടന്നു. ഗിരിജ ടീച്ചര്‍ അധ്യക്ഷയായിരുന്ന ക്ലാസ് ഉദ്ഘാടനം ചെയ്തത്
PTA പ്രസിഡന്റ് ശ്രീ വാണ്ട മണികണ്ഠനാണ്. ICT എന്ത് എന്തിന് എന്ന വിഷയത്തില്‍ ഷീജടീച്ചറും ബിന്ദുടീച്ചറും ക്ലാസെടുത്തു. രക്ഷിതക്കള്‍ക്ക് പഠന സോഫ്റ്റ് വെയറുകള്‍ പരിചയപ്പെടുത്തിയത് ഞങ്ങളുടെ കൂട്ടുകാരായ ശ്രുതി,രേഷ്മ,രഹ്ന,വന്ദന തുടങ്ങിയവരാണ്.
ആനിമേഷന്‍ ഫിലിം നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങള്‍ അജയ് v.s
രസകരമായി പറഞ്ഞു കൊടുത്തു. SSITC എബിന്‍ .c.ജോസ് സ്വാഗതവും ഗായത്രി നന്ദിയും പറഞ്ഞു.
നമ്മുടെ ഈ പരിപാടിയെക്കുറിച്ച് രക്ഷിതാക്കള്‍ വളരെ
നല്ല അഭിപ്രായമാണ് പറഞ്ഞത്.അവരുടെ മക്കള്‍ ഇത്ര ഭംഗിയായി ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ അവര്‍ അത്ഭുതം പ്രകടിപ്പിച്ചു.
തുടര്‍ന്നു നടക്കുന്ന പരിശീലന ക്ലാസുകളില്‍ പങ്കെടുക്കാനും അവര്‍
അതിയായ താല്‍പര്യം പ്രകടിപ്പിച്ചു.രക്ഷകര്‍ത്താക്കളുടെ എണ്ണം കുറവായിരുന്നെങ്കിലും അവര്‍ ഈ പ്രവര്‍ത്തനത്തിന് നല്ലൊരു പ്രചാരണം നല്‍കുമെന്നുള്ളതില്‍ സംശയമില്ല.


ചൊവ്വാഴ്ച, ഓഗസ്റ്റ് 16, 2011

വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും ഡിജിറ്റല്‍ മാഗസിന്‍ പ്രകാശനവും


കരിപ്പൂര്‍ ഗവ.ഹൈസ്കൂള്‍ വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം എഴുത്തുകാരനായ ശ്രീ.പാലോട് ദിവാകരന്‍ നിര്‍വ്വഹിച്ചു. കുട്ടികളുടെ രചനകളടങ്ങിയ ഡിജിറ്റല്‍ മാഗസിന്‍ - ഡിജിറ്റല്‍ മര്‍മരങ്ങള്‍ പ്രകാശനം ചെയ്തുകൊണ്ടാണ് ഉദ്ഘാടനം ചെയ്തത്. ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഉഷ അധ്യക്ഷയായിരുന്ന ചടങ്ങില്‍ ഷാജി സാര്‍ സ്വാഗതം പറഞ്ഞു. ഹരിദാസ് സാര്‍ ആശംസ പറഞ്ഞു. പാര്‍വ്വതി തന്റെ കഥ അവതരിപ്പിച്ചു. രഹ്‍ന, ഗോപിക തുടങ്ങിയവര്‍ കവിതാവതരണം നടത്തി. പ്രണവ് നന്ദി പറഞ്ഞു. രേഷ്‍മാ കൃഷ്ണയായിരുന്നു പരിപാടിയുടെ അവതാരക.


 

തിങ്കളാഴ്‌ച, ഓഗസ്റ്റ് 15, 2011

ശനിയാഴ്‌ച, ഓഗസ്റ്റ് 13, 2011

ഹിരോഷിമകള്‍ ഇനി വേണ്ട




ആഗസ്റ്റ് 9 യുദ്ധ വിരുദ്ധദിനമായി ആചരിച്ചു.UNO .എംബസ്സികള്‍ക്കും,ലോകനേതാക്കള്‍ക്കും സമാധാനസന്ദേശങ്ങളയച്ചു.യുദ്ധവുമായി
ബന്ധപ്പെട്ട വിവരങ്ങളുള്‍ക്കൊള്ളുന്നതും യുദ്ധവിരുദ്ധസന്ദേശങ്ങളടങ്ങുന്നതുമായ
ആഡിയോവിഷ്വല്‍ പ്രശ്നോത്തരി സംഘടിപ്പിച്ചു.യുദ്ധവുമായി ബന്ധപ്പെട്ട് വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസെടുത്തു.പോസ്റ്റര്‍ പ്രദര്‍ശനവും പതിപ്പു തയ്യാറാക്കലും ഉണ്ടായിരുന്നു.

തിങ്കളാഴ്‌ച, ഓഗസ്റ്റ് 08, 2011

രസതന്ത്ര വര്‍‌ഷം


അന്താരാഷ്ട്ര രസതന്ത്ര വര്‍ഷാചരണത്തിന്റെ
ഭാഗമായി ശാസ്ത്ര സാഹിത്യ പരിഷത്ത് നെടുമങ്ങാട് യൂണിറ്റിന്റ ഭാഗമായി ഞങ്ങളുടെ സ്കുളിലെ ക്ളസുകള്‍ നടന്നു "രസതന്ത്രം
നമ്മുടെ ജീവിതത്തില്‍ " എന്ന വിഷയത്തില്‍ ക്ളാസ് എടുത്തത്
പരിഷത്ത് പ്രവര്‍ത്തകരായ P.K സുധിയും, ജിജോകൃഷ്ണനുമാണ് .
മാഡം ക്യുറിക്ക് നോബല്‍ സമ്മാനം ലഭിച്ചത്തിന്റെ ശതാബ്ദിയും
കൂടിയാണ് രസതന്ത്ര വര്‍ഷത്തിന്റെ പ്രത്യേകത
നമ്മുടെ ജീവിതത്തിലുടനീളം രസതന്ത്രമാണെന്ന് അവര്‍
ഉദാഹരണങ്ങള്‍ പറഞ്ഞ് വ്യക്തമാക്കി.നമ്മുടെ ശരീരത്തിന്റെ
എല്ലാ പ്രവര്‍ത്തനങ്ങളിലും രസതന്ത്രം പ്രവര്‍ത്തിക്കുന്നു.
നാമുപയോഗിക്കുന്ന മരുന്നുകളെല്ലാം രസതന്ത്രത്തിന്റെ കാരുണ്യമാണ്.എന്നാല്‍ രാസവസ്തുക്കളുടെ ഉപയോഗത്തിലൂടെ
മനുഷ്യന് ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ചും അവര്‍ പറഞ്ഞു തന്നു.സ്വന്തം ജീവന്‍ ഗവേഷണത്തിനായി ഉഴിഞ്ഞു വച്ച
ശാസ്ത്രജ്ഞയാണ് മേരി ക്യൂറി.

പ്രേംചന്ദ് ദിനം


ഹിന്ദി സാഹിത്യത്തിലെ കഥാകാരനായ പ്രേംചന്ദിന്റെ
ജന്മദിനം വിവിധ പരിപാടികളോടെ ആചരിച്ചു.പോസ്റ്റര്‍
രചന,പ്രശ്നോത്തരി എന്നിവ സംഘടിപ്പിച്ചു.പ്രേംചന്ദിന്റെ
പുസ്തകങ്ങളുടെ പ്രദര്‍ശനം,അദ്ദേഹത്തിന്റെ കഥകളുടെ
ചലച്ചിത്രാവിഷ്കാരങ്ങളുടെ പ്രദര്‍ശനവും നടന്നു.





തിങ്കളാഴ്‌ച, ഓഗസ്റ്റ് 01, 2011

കഥ


ഓര്‍മ്മയ്ക്കായി ഒരു മാവ്

ഹൊ! ഈ സംസ്കൃതം ക്ലാസ്സൊന്നു കഴിഞ്ഞിരുന്നെങ്കില്‍ എന്തൊക്കെയാ ഈ ടീച്ചര്‍ പഠിപ്പിക്കണത് ഒന്നും മനസ്സിലാവണില്യ. മനസ്സിലാവാത്ത ഭാഷ പഠിക്കാന്‍ വളരെ കഷ്ടാ. ഒരു നാള്‍ ടീച്ചറെന്നോട് ചോദിക്ക്യാ അച്യുതന്റെ അര്‍ത്ഥം എന്താണെന്ന് എന്റെ പേരൊക്കെ തന്നയാ എന്നച്ച് അതിന്റെ അര്‍ത്ഥം പഠിക്കണമെന്നുണ്ടോ? എനിക്കറിയില്ലായെന്ന് ഞാന്‍ പറഞ്ഞു. അപ്പോ ടീച്ചറെന്നെ വിളിക്യാ മണ്ടനെന്ന് പിന്നെ ടീച്ചറു തന്നെ പറഞ്ഞു തന്നു, അച്യുതനെന്നാല്‍ കൃഷ്ണനെന്ന്. ഭഗവാന്റെ മറ്റൊരു പേരാത്രേ കൃഷ്ണനെന്ന്. പിന്നെ എന്തോ പറഞ്ഞ് എന്നെ കളിയാക്കാന്‍ തുടങ്ങയപ്പോഴാകണം ബെല്ലടിച്ചു.

ഇന്നിനി എപ്പോഴാണാവോ ബെല്ലടിക്യാ. ബെല്ലടിക്കുമ്പോ പെട്ടന്ന് വീട്ടീപ്പോവാലോ.നിനക്കൊന്നും പറയാനില്ലേ ഗോപാ? ഞാനിങ്ങനെ ഓരോന്നു പറയണു, നീയതു കേക്കണു അല്ലേ? ഞാനെന്താ പറയാ അച്യുതാ നീ പറയല്ലേ? സത്യത്തീ എനിക്ക് ഒറക്കം വര്യാ, ഈ പഠിപ്പീര് കേട്ടിട്ട്. നീ ഓരോന്നു പറയ്, ഞാന്‍ ഒറങ്ങാതേലും ഇരുന്നോട്ടെ. ഞാനെവിടെയാ പറഞ്ഞു നിര്‍ത്തീത് ഓ വീട്ടീപ്പോണ കാര്യം, വീട്ടീതിരികെപ്പോരാന്‍ നിക്കുമ്പോ ചക്കരമാവിലെ മാമ്പഴം എന്നെ വിളിക്കും.പിന്നെ...പിന്നെ പോരാന്‍ തോന്നൂല്ല .ചക്കരമാവില് മാമ്പഴത്തോടൊപ്പം ഒരു ഊഞ്ഞാല്‍ കൂടിയുണ്ട്. അതില്‍ ആടണം. ആകാശത്തെത്തീത് പോലെ. വേണെ താഴത്തെ കൊമ്പിലെ മാമ്പഴം കൈയെത്തി പറിക്കാം. അങ്ങനെ പിടിക്കാന്‍ നിന്നപ്പോ ഞാന്‍ താഴെ വീണു, പൊത്തോന്ന്. അന്ന് അച്ഛന്റെയും അമ്മയുടെയും ശകാരം കേട്ടു.പക്ഷേ, മുത്തച്ഛന്‍ എന്റെ കൂടെയായിരുന്നുട്ടോ. മുത്തച്ഛന്‍ പറേണത് ''അവന്‍ കുട്ട്യല്ലേ? കളിച്ചു നടക്കേണ്ട പ്രായത്തില്‍ ഇങ്ങനെയൊക്കെ ഉണ്ടാകും.സാരല്ല്യ. ഇന്നും ചക്കരമാമ്പഴം എന്നെ വിളിക്കും. ഈശ്വരാ, അച്ഛന്‍ നേരത്തെ ഊണു കഴിഞ്ഞ് പോണേ. അല്ലേല് എന്നെ വീട്ടീ നിര്‍ത്തൂല. അച്ഛന്‍ കടേല് പോയാ പിന്നെ വരണത് രാത്രിയിലാ. അപ്പോ ഞാന്‍ ഉറങ്ങിപ്പോകും, പിന്നെ സ്കൂളീ പോവാത്തേന് അടി കാണൂലാലോ. മുത്തച്ഛന്‍ പാവാ, മുത്തച്ഛനോട് പറഞ്ഞാ പിന്നെ എന്നെ വീട്ടീ നിര്‍ത്തും. ബെല്ലടിക്കാന്‍ എത്ര നേരണ്ടോ ആവോ? എനിക്ക് വീട്ടില് പോയാമതി. വീട്ടീപോമ്പോ അമ്മ മാമ്പഴപ്പുളിശ്ശേരി ഉണ്ടാക്കിത്തരാന്ന് പറഞ്ഞു. എനിക്ക് ഒത്തിരി ഇഷ്ടാ.
''ടിങ്''

''ഹൊ ബെല്ലടിച്ചു.വാ ഗോപാ''
ഗോപാ.....ഗോപാ.....
ഉറങ്ങിയോ നീ...
ഞാന്‍ ഇത്ര നേരം പറഞ്ഞതൊക്കെ വെറുതെയായോ?
നീ ഒന്നും കേട്ടില്ലേ? ഞാന്‍ പറഞ്ഞോണ്ടിരുന്ന
ഒറങ്ങൂലാന്ന് പറ‍ഞ്ഞ ആളാ എന്നിട്ട്...
ഗോപാ... ഗോപാ...
എന്താ അച്യുതാ ബെല്ലടിച്ചോ?
പിന്നില്ലേ വേഗം വീട്ടിപ്പോവാം.ഇന്ന് നിന്റെ അമ്മ
ഇഷ്ടമുള്ള കറി ഉണ്ടാക്കുമോ ഗോപാ...
ഹും ചോറു പോലും ഉണ്ടോന്ന് സംശയം അപ്പഴാ
ഇഷ്ടോള്ള കറി.‍ഞാന്‍ പോണു നീ വരണേ വാ.
എന്നാലും അവന്‍ എന്തിനാ അങ്ങനെ പറഞ്ഞേ
ചോറു കിട്ടോന്ന് സംശയാന്ന്‍.ഓ അവന്റെ അച്ഛനും
അമ്മയും ജമ്മീടെ വീട്ടില്‍ പാട്ടകൃഷി ചെയ്യണതല്ലേ?
ആളൊരു ദുഷ്ടനാ ഒന്നും കൊടുക്കില്ലായിരിക്കും.
ഇപ്പഴും അവര് പണ്ടത്തെപ്പോലെ ജീവിക്യാ.
അല്ല! ഞാന്‍ വീട്ടിപ്പോണില്ലേ അമ്മ കാത്തിരിക്കൂലോ.
ഇവിടന്നൊരോട്ടം വീട്ടിപ്പോയേ നിക്കാവൂ.
ദേ.... വീടിന് പുറത്ത് അമ്മയും,മുത്തച്ഛനും,
അച്ഛനും ഒക്കെ ഉണ്ട്.ഇന്നിനി ,സ്കൂളില്‍ പോവേണ്ടിവരും.
അല്ലാ അമ്മയെന്താ അച്ഛനോടു
പറയണെ ദേഷ്യപ്പെടുകയാണോ?അമ്മേടെ ശബ്ദം
ഉയര്‍ന്നു കേള്‍ക്കാം.''എല്ലാം നശിപ്പിച്ചു നമ്മുടെ
വീടും പുരയിടവും.ഇപ്പോ എല്ലാം ആ ജമ്മിയുടെ
കയ്യില്‍.കിട്ടിയ പണം കട വൃത്തിയാക്കീത്രെ.
അപ്പോ എവിടെ താമസിക്കും?ഇത് കൊടുക്കണേനു
മുന്‍പ് എന്നോടൊന്നു പറയാരുന്നു.
ആ ജന്മി നാളെത്തന്നെ മാറാനും പറഞ്ഞു‍.
അച്ഛനും പറേണൊണ്ട്.പക്ഷേ പതിയെയാണെന്ന്
മാത്രം ''നമുക്ക് ആ കട വിറ്റ് വേറെ വീട് വാങ്ങാം''
അമ്മ പിന്നെയും ദേഷ്യപ്പെടണു.''പിന്നെ എന്താണ്
നമ്മുടെ ജീവിതമാര്‍ഗം പുതിയ വീട്ടില് എല്ലാര്‍ക്കൂടെ
വാതിലും പൂട്ടി പട്ടിണി കിടന്നു മരിക്കാം ല്ലേ''
മുത്തച്ഛന്‍ ഒന്നും മിണ്ടുന്നില്ല. അച്ഛന്റെ മുഖം
ദയനീയമാണ്. അച്ഛന്‍ പിന്നെയും പറയുന്നു.
''നമ്മുക്ക് ആ ജന്മിയുടെ കൈയ്യില്‍ നിന്നും കുറച്ചുസ്ഥലം
പാട്ടത്തിനെടുക്കാം.'' എനിക്ക് എന്തൊക്കെയോ മനസിലാവണുണ്ട്.
പക്ഷേ ഒന്നും വ്യക്തമാകുന്നില്ല.പക്ഷേ
ഒന്നറിയാം ഞാനും ഇനി ഗോപനെപ്പോലെ വീട്ടില്‍
ചോറുണ്ടോ എന്ന് സംശയിക്കും. പക്ഷേ എന്റെ
ചക്കരമാവ് പോന്നെടത്തും കാണ്വോ? ഇതു
മാതിരി ഒരു ചക്കരമാവ്!


        



 പാര്‍വതി   9A                                                                 


Vincent Vanghog The Passionate Painter!




വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 29 ഞങ്ങള്‍ ലോകപ്രശസ്ത ഡച്ച് ചിത്രകാരന്‍ വാന്‍ഗോഗിന്റെ ചരമദിനം ആചരിച്ചു. അദ്ദേഹത്തിന്റെ സൂര്യകാന്തിപ്പൂക്കള്‍, ഉരുളക്കിഴങ്ങു തിന്നുന്നവര്‍, ഷൂസ്, സ്റ്റാറി നൈറ്റ് തുടങ്ങി ധാരാളം ചിത്രങ്ങള്‍ ഞങ്ങള്‍ ആസ്വദിച്ചു. അതിനു ശേഷം ജാപ്പനീസ് സംവിധായകന്‍ അകിരാ കുറസോവയുടെ, വാന്‍ഗോഗിന്റെ ചിത്രങ്ങളെ പശ്ചാത്തലമാക്കി ചെയ്ത 'CROW' എന്ന സിനിമയും കണ്ടു. എര്‍വിങ് സ്റ്റോണ്‍ രചിച്ച വാന്‍ഗോഗിന്റെ ജീവചരിത്ര നോവല്‍ പരിചയപ്പെട്ടു.

തിങ്കളാഴ്‌ച, ജൂലൈ 25, 2011

അനിമേഷന്‍



UBUNTU വിലെ K-toon 2D Animation Tool kit ഉപയോഗിച്ച് അജയ്.V.S തയ്യാറാക്കിയ ശുചിത്വ ബോധന അനിമേഷന്‍.


വെള്ളിയാഴ്‌ച, ജൂലൈ 22, 2011

തങ്കത്താഴികക്കുടമല്ല............


ജൂലൈ 21 ചന്ദ്രബിംബം തങ്കത്താഴികക്കുടമല്ലെന്ന് മനുഷ്യന്‍ നേരിട്ടു കണ്ടിട്ട് 42 വര്‍ഷം പൂര്‍ത്തിയായി. ഈ ദിനാചരണത്തിന്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യവേദിയും IT ക്ലബ്ബും ചേര്‍ന്ന് ഞങ്ങളുടെ സ്കൂളില്‍ ചില പ്രവര്‍ത്തനങ്ങള്‍ നടത്തി.
ബഹിരാകാശപ്രശ്നോത്തരി (മള്‍ട്ടിമീഡിയ പ്രസന്റേഷന്‍) യില്‍ ഞങ്ങള്‍ ആവേശത്തോടെയാണ് പങ്കെടുത്തത്.

മത്സരവി‍‍ജയികള്‍
HS വിഭാഗം
First – ശശിഭൂഷണ്‍.S.L 10 B
Second – അജയ്.V.S 9 A
Third – ശ്രീദേവി 9 C

UP വിഭാഗം
First – അരവിന്ദ് 7 A
First – നിര്‍മല്‍ ചന്ദ് 7 B
Second – ഹരിഗോവിന്ദ് 7 B
Third – അനന്ദു അഭിരാം 7 B

K-Star എന്ന സോഫ്റ്റ് വെയറിലൂടെ ഞങ്ങള്‍ ചന്ദ്രന്റെ വൃദ്ധിക്ഷയം
നിരീക്ഷിച്ചു.സ്കൂളിലെ കുട്ടി IT കോര്‍ഡിനേറ്റര്‍മാര്‍ UP യിലെ ഓരോ ക്ലാസ്സിലെ കുട്ടികളേയും ഇതു പരിചയപ്പെടുത്തി.
മാനത്തേയ്ക്കൊരു കിളിവാതില്‍ എന്ന CD യുടെ പ്രദര്‍ശനവും നടന്നു.