പേജുകള്‍‌

വ്യാഴാഴ്‌ച, ജനുവരി 27, 2011

'ത്രുടി'യിലെ കാലം - പുസ്തക ചര്‍ച്ച




 ഞങ്ങളുടെ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും എഴുത്തുകാരനുമായ പി.കെ.സുധിയുടെ പുതിയ നോവലാണ് 'ത്രുടി'.ഈ നോവലില്‍ ഒരു ചര്‍ച്ച സംഘടിപ്പിച്ചത് നെടുമങ്ങാട് മലയാളം സമിതിയും. 22 ന് വൈകുന്നേരം ഠൗണ്‍ LPS ല്‍ നടന്ന ചര്‍ച്ചയില്‍ ചായം ധര്‍മരാജന്‍,ഡി.യേശുദാസ്,ഡോ.രാജശേഖരന്‍,ജി.എസ്.ജയചന്ദ്രന്‍,വിനീഷ് കളത്തറ,ശശിധരന്‍ നായര്‍,അഭിലാഷ് എന്നിവര്‍ പങ്കെടുത്തു. നെടുമങ്ങാടിന്റെ മാറ്റവും വികസനവും നിഴലിച്ചു നില്‍ക്കുന്ന ത്രുടിയെ കാലത്തിന്റെ ദര്‍ശനം, പരിസ്ഥിതി, ഭാഷ, രാഷ്ട്രീയം, മനുഷ്യത്വം എന്നീ തലങ്ങളില്‍ നിന്ന് വിശകലനം ചെയ്യാന്‍ സാധിക്കുമെന്ന് ചര്‍ച്ച തുടങ്ങി വച്ച ചായം ധര്‍മരാജന്‍ പറഞ്ഞു.നെടുമങ്ങാടിന്റെ തനതു പദങ്ങള്‍ ധാരാളമായി ഉപയോഗിച്ചിട്ടുണ്ടെന്ന് ഉദാഹരണങ്ങള്‍ നിരത്തി അദ്ദേഹം വ്യക്തമാക്കി. നോവലിസ്റ്റിലെ ശാസ്ത്രകാരനെ ഈ നോവല്‍ വായനക്കിടക്ക് കാണാം. ശക്തമായ ഒരു സ്ത്രീ കഥാപാത്രമില്ല എന്ന വിമര്‍ശനമാണ് അദ്ദേഹം മുന്നോട്ടു വച്ചത്.
        സമയത്തെ വിഷയമാക്കിയ നോവല്‍ എന്നാണ് ഡി.യോശുദാസ് ത്രുടിയെ വിശേഷിപ്പിച്ചത്.സംഭവങ്ങളവതരിപ്പിക്കാതെ സംഭവങ്ങളെക്കുറിച്ച് പറയുകയാണ്. സുരന്‍ എന്ന പത്രപ്രവര്‍ത്തകനോട് റിപ്പോര്‍ട്ട് ചെയ്യുന്ന രീതിയിലാണ് സംഭവവിവരണം. പുരുഷകേന്ദ്രീകൃതമായ ജീവിതമാണ് നോവലിനുള്ളത്.സങ്കീര്‍ണമായ പ്രമേയം ഉപയോഗിക്കുമ്പോള്‍ തന്നെ വൈകാരികതയില്ലാതെ നിയന്ത്രിതമായ അവതരണമാണ് നോവലിസ്റ്റ് സ്വീകരിച്ചിരിക്കുന്നതെന്നും ഡി.യേശുദാസ് കുട്ടിച്ചേര്‍ത്തു. നെടുമങ്ങാടിന്റെ തനതു പദങ്ങളായിട്ടല്ല തെക്കന്‍ തിരുവിതാംകൂറിന്റെ പദങ്ങളായാണ് തനിക്ക് കാണാന്‍ കഴിഞ്ഞത്. 'മൊടമ' എന്ന പദം മാത്രമാണ് തനിക്ക് അപരിചിതമായിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. പോയ കാലത്തിന്റെ തിരിച്ചുവരവ് മൈക്കിള്‍ ജാക്സന്റെ Earth Song ലെ പോലെ വായനക്കാരനനുഭവപ്പെടുമെന്നാണ് യേശുദാസിന്റെ അഭിപ്രായം. വിഹ്വലതകളുടെ കഥ പറയുന്ന ത്രുടി ആത്മനിഷ്ടവുമാണ് എന്നാണ് ഡോ.രാജശേഖരന്‍ പറഞ്ഞത്.
  നെടുമങ്ങാടിന്റെ പരിധിക്കുള്ളില്‍ നിന്ന് നോക്കിക്കൊണ്ട് നെടുമങ്ങാടിന്റേതു മാത്രമായി നോവലിനെ ചുരുക്കിക്കളയരുതെന്നാണ് ശേഷം ചര്‍ച്ചയില്‍ പങ്കെടുത്ത ജി.എസ്.ജയചന്ദ്രന്‍ അഭിപ്രായപ്പെട്ടത്.
      വ്യത്യസ്തമായ ആഖ്യാനരീതി  ഒരു സിനിമാറ്റിക് ഫ്രെയിമിന്റെ കാഴ്ചയാണ് തനിക്കനുഭവപ്പെട്ടതെന്ന് ഒരു നാടകകൃത്തു കൂടിയായ വിനീഷ് കളത്തറ അഭിപ്രായപ്പെട്ടു.നെടുമങ്ങാടിന്റെ നോവലിസ്റ്റുകളായ പി.എ.ഉത്തമന്‍ , പി.കെ.സുധി എന്നിവര്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടില്ലെന്ന നീരസവും അദ്ദേഹം പങ്കുവെച്ചു.
     
    
  
തന്റെ കൃതിയിലെ പ്രശ്നങ്ങളെന്തൊക്കെ എന്നറിയാനായിരുന്നു തനിക്ക് കൂടുതല്‍ താല്‍പര്യമെന്ന് മറുപടിയില്‍ പി.കെ.സുധി സൂചിപ്പിച്ചു.വിജു കൊന്നമൂട് നന്ദി പറഞ്ഞു.


അഭിപ്രായങ്ങളൊന്നുമില്ല: